ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിംഗ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ 17 വർഷത്തെ ലണ്ടൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎൻപിയെ നയിക്കുന്ന അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ക്രിസ്മസ് ദിനത്തിൽ ധാക്കയിൽ വിമാനമിറങ്ങിയ താരിഖിനെ സ്വാഗതം ചെയ്യാനായി പതിനായിരങ്ങളാണു കാത്തുനിന്നത്. മുതിർന്ന ബിഎൻപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ബംഗ്ലാ മണ്ണിൽ കാലുകുത്തുന്നതിനു മുന്പായി താരിഖ് ഷൂസുകൾ ഊരിമാറ്റി.
“പ്രിയ ബംഗ്ലാദേശ്” എന്നു പറഞ്ഞുകൊണ്ടാണ്, വിമാനത്താവളത്തിലെ സ്വീകരണ വേദിയിൽ അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജനാധിപത്യത്തിലൂന്നിയ സാന്പത്തിക ശക്തിയായ ബംഗ്ലാദേശാണ് താൻ സ്വപ്നം കാണുന്നതെന്നും സമാധാനമാണ് ബംഗ്ലാദേശിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര ബംഗ്ലാദേശ് പടുത്തുയർത്താനായി മുസ്ലിം, ഹിന്ദു, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങൾ തനിക്കൊപ്പം നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. വിമാനത്താവളത്തിൽനിന്നു ധാക്കയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അമ്മ ഖാലിദയെ കാണാനാണ് താരിഖ് പോയത്.
മൂന്നുവട്ടം പ്രധാനമന്ത്രിയായ ഖാലിദയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനായ താരിഖ്, ഷേഖ് ഹസീന ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടയാടലിൽനിന്നു രക്ഷപ്പെടാനായി 2008 മുതൽ കുടുംബത്തിനൊപ്പം ലണ്ടനിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു.
ഫെബ്രുവരിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഷേഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കു മത്സരിക്കാൻ അനുമതിയില്ല. അതിനാൽ ബിഎൻപിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കും.